Thursday, April 17, 2014

കേട്ട കാര്യങ്ങളിലുണ്ട് ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങളൊത്തിരി. കേള്‍ക്കാത്ത കാര്യങ്ങളിലോ? അലാവുദ്ദീനായ ഈയുള്ളവന്‍ കിളികളുടെ സല്ലാപം കേട്ടുകഴിഞ്ഞാണ് ആത്മകഥ പറഞ്ഞു തുടങ്ങുന്നത്, ഓര്‍ക്കുന്ന വേഗത്തില്‍. മലയാളിയല്ലാത്ത കിളി മലയാളിയായ കിളിയുടെ സ്വത്വപ്രതിസന്ധിയിലേയ്ക്കാണ് സ്നേഹവിരല്‍ ചൂണ്ടുന്നതെന്നു കണ്ടപ്പോള്‍ കൗതുകം വര്‍ദ്ധിച്ചു: 

" എന്നെപ്പോലെ സാര്‍വലൗകികമായ  അംഗീകാരം നേടാന്‍ നിനക്ക് കഴിഞ്ഞിട്ടില്ലെന്നും ഒരിക്കലും അതിന് കഴിയുകയില്ലെന്നുമുള്ള സത്യം നീ മറക്കരുത്, മറയ്ക്കുകയുമരുത്. അതുകൊണ്ട്, നോമ്പ് നോറ്റവനും അങ്ങനെ മരിച്ചവനും എന്നിട്ട് ആത്മകഥ എഴുതുന്നവനുമായ ഒരു ദൈവദാസനെ ദയവായി ശല്യപ്പെടുത്താതിരിക്കുക. ഒരു മലയാളിയായതുകൊണ്ടല്ല, എന്നില്‍ നിന്നുള്ള മാര്‍ഗദര്‍ശനവും എന്‍റെ നാമം ജപിക്കാനുള്ള സൗഭാഗ്യവും ലഭിച്ചതുകൊണ്ടാണ്, അലാവുദ്ദീന്‍ അഭിമാനിക്കുന്നത്. കുട്ടിക്കാലത്ത് പിഴച്ച അറിവ് നല്‍കിയ സ്ത്രീപുരുഷന്മാരുടെ കൊള്ളരുതായ്മകളും, അല്‍മുജീബും അല്‍മുബീനുമായ സ്രഷ്ടാവ് ഖല്‍ബില്‍ നിക്ഷേപിച്ച സാഹിത്യവാസനയും കൂടിക്കലര്‍ന്ന് ഭ്രമചിത്തനായതു മൂലം ഈശ്വരനായ നിന്നിലും നിന്‍റെ ലീലാവിലാസങ്ങളിലും അലാവുദ്ദീന്‍കുട്ടി അനുരക്തനായത് സ്വാഭാവികം. എന്നിട്ടോ? എന്‍റെ കാരുണ്യം ലഭിച്ചതുകൊണ്ടു ഒരു ദുരന്തനാടകമായില്ല അവന്‍റെ ജീവിതം. ഒരു കലമാന്‍കുട്ടിയെ വേടന്‍റെ കെണിയില്‍ നിന്നെന്ന പോലെയാണ് അലാവുദ്ദീന്‍കുട്ടിയെ നിന്‍റെ പിടുത്തത്തില്‍ നിന്ന് ഞാന്‍ വിടുവിച്ചത്. നേരും നന്മയും സൗന്ദര്യവും എന്നിലേയുള്ളൂ എന്നു കണ്ട് സര്‍വസ്വം എന്നിലര്‍പ്പിച്ചാണ് ഇവന്‍ നോമ്പ് നോല്‍ക്കുന്നതും മരിക്കുന്നതും. നിനക്കറിയാമല്ലോ, ഇവന്‍റേത് സാധാരണ മരണമായിരുന്നില്ല. ശഹീദാവുകയായിരുന്നു മുത്തഖികളായ അലാവുദ്ദീനും കൂട്ടുകാരുമെന്നു പറഞ്ഞാല്‍......... 

മുത്തഖികളായ അലാഉദ്ദീനും കൂട്ടുകാരും ഷഹീദാവുകയായിരുന്നു എന്നു നീ പറഞ്ഞാല്‍ കാര്യം മനസ്സിലാക്കാന്‍ ഒരു മലയാളിയും ബുദ്ധിമുട്ടുകയില്ല എന്നു ഞാന്‍ പറയും. കാരണം, ഷഹീദിനെയും മുത്തഖിയെയും മാത്രമല്ല, അന്യഭാഷകളില്‍ നിന്നു വരുന്ന ഏതു വാക്കിനെയും രണ്ടു കൈയും നീട്ടി സ്വീകരിക്കാന്‍ ഒരു മടിയുമില്ലാത്ത വിശാലമനസ്കരാണ് മലയാളികള്‍. കത്തും കൈപ്പീത്തും ബദലും ബാക്കിയും ഇന്‍ക്വിലാബും ഇസ്ലാമും അങ്ങനെയാണ് മലയാളിയുടെ വാങ്മിത്രങ്ങളായത്. അതുകൊണ്ടാണ് മലയാളി വാക്കുകളുടെ മല സസന്തോഷം ചുമക്കുന്നത്. വിദേശികളായ പറങ്കികളും ഫ്രെഞ്ചുകാരും ഇംഗ്ലീഷുകാരും, പിന്നെ നിന്‍റെ സ്വന്തക്കാരായ അറബികളും മറ്റും മലയാളിക്ക് സസ്നേഹം നല്‍കിയ ഇനാമുകളാണ് മലയാളി ചുമക്കുന്ന മലയിലുള്ളത്. അതൊരു വാങ്മലയാണ്. 

No comments:

Post a Comment