Friday, April 11, 2014

ശരി തന്നെ; പക്ഷേ, നീ ചൊന്നതെല്ലാം
ശരിയ; ല്ലൊരു തെറ്റ് പറ്റിയല്ലോ:
കരുതുന്നു നീ ഇവന്‍ നിന്നെയാണ്
പരതുന്നതെന്ന്! ഇതെന്തു ഞായം?

സഖേ, ഇതാണ് ശരിയായതും നേരുള്ളതുമായ ഞായം: ഈ മാഞ്ചോട്ടില്‍ ചിന്തിച്ചിരിക്കുന്നവന്‍ അലാവുദ്ദീന്‍.  ദീന്‍ ഉള്ളവന്‍ അലാ-ഉ എന്ന് വിഗ്രഹാര്‍ത്ഥം പറയാം. അപ്പോള്‍ എന്താണ് ദീന്‍?

അല്‍കാഫീയ്യും അല്‍ഗാലിബുമായ അല്ലാഹുവിനു മുന്നില്‍ സര്‍വസ്വം സര്‍വാത്മനാ അടിയറവച്ചുകൊണ്ട് ഓരോ മനുഷ്യനും പിന്തുടരേണ്ട പാതയാണ് ദീന്‍; മനുഷ്യന്‍ എന്ന സൃഷ്ടിയുടെ ശരീരത്തിനും മനസ്സിനും ആത്മാവിനും എന്തെല്ലാം ആവശ്യമുണ്ടോ അതെല്ലാം നേടുന്നതിനു വേണ്ടി മനുഷ്യന്‍റെ മുന്നില്‍ സ്രഷ്ടാവായ ദൈവം തുറന്നിട്ട മാര്‍ഗമാണ് ദീന്‍.

ആ മാര്‍ഗത്തില്‍ മുമ്പോട്ട് ഒരടിപോലും നീങ്ങാന്‍ എന്‍റെ സഹായം കൂടാതെ കഴിഞ്ഞിരുന്നില്ല മരിക്കുംവരെ അലാവുദ്ദീനിന്. ഇവന്‍റെ സിരകളിലോടുന്ന ചോര പരിശോധിച്ചാല്‍ ഓരോ തുള്ളിയിലും എന്നെ നീ കണ്ടെത്തും. ഇവന്‍ കുഞ്ഞുനാളില്‍ കുടിച്ച മുലപ്പാലിലൂടെ ഇവന്‍റെ മനോമസ്തിഷ്കങ്ങളിലും ആത്മാവിലും ചേക്കേറിയ വാക്കാണ് ഞാന്‍. ഞാനാണ് ഇവന് എല്ലാ കാര്യത്തിലും എല്ലായ്പ്പോഴും മാര്‍ഗദര്‍ശനം നല്‍കിയത്. എനിക്കു വേണ്ടിയാണ് ഇവന്‍ നോമ്പ് നോറ്റതും നോവ് തിന്നതും നോവല്‍ എഴുതിയതും. ആകയാല്‍, അല്‍വകീലും അല്‍മൗലായും അന്നസ്വീറുമായ പടച്ചവന് സ്തുതികളും സ്തോത്രങ്ങളും അര്‍പ്പിച്ചുകൊണ്ട്, കൃതജ്ഞതാഭരിതമായ ഹൃദയത്തോടെ, ഇപ്പോള്‍ ഇവന്‍ എഴുതാന്‍ ഉദ്ദേശിക്കുന്ന ആത്മകഥയില്‍ മാത്രമല്ല, മേലില്‍ എഴുതിയേക്കാവുന്ന എല്ലാ കൃതികളിലും, ആദ്യവാക്യത്തില്‍ ആദ്യനായി ഇരിക്കേണ്ടവന്‍ ഞാന്‍ തന്നെ. ഇനിയും തര്‍ക്കമുണ്ടോ?

എന്തിനു തര്‍ക്കം ആത്മസഖേ, ഞാന്‍
ചിന്തിക്കുമ്പോലാണല്ലോ
കാര്യങ്ങളുടെ കരേറ്റം; അതിനാല്‍
നേരോതാം ഞാന്‍ ഗദ്യത്തില്‍:

എന്നിലുള്ളതിനേക്കാള്‍ മഹത്വം നിന്നിലുണ്ടെന്ന പിഴച്ച വിശ്വാസം അലാവുദ്ദീനായ ഈ മര്‍ത്ത്യനില്‍ വളര്‍ത്താന്‍ ദുനിയാവിന്‍റെ മുറ്റത്തു നിന്ന് പഠിച്ച പണി പത്തൊമ്പതും നീ പയറ്റിനോക്കിയില്ലേ? എന്നിട്ടെന്തു ഫലം ഉണ്ടായി? പരമകാരുണികനും കരുണാനിധിയുമായ സ്രഷ്ടാവിനാല്‍ മനുഷ്യമനസ്സുകളില്‍ സന്നിവിഷ്ടരായ വാക്കുകള്‍ മാത്രമാണ് നീയും ഞാനും എന്ന യാഥാര്‍ത്ഥ്യം ഗ്രഹിക്കാതെ നിന്നെപ്പറ്റി വിചാരിച്ച് പേടിച്ചുവിറക്കുന്നവറും, നിന്നില്‍ അനര്‍ഹമായ അതിസ്തുതി ചൊരിയുന്നവരുമായ ഒരാള്‍ക്കൂട്ടത്തില്‍ ഞെരിഞ്ഞുപോയില്ലേ അലാവുദ്ദീന്‍? നിനക്കറിയാമല്ലോ, ഇവനെ തെറ്റുകുറ്റങ്ങള്‍ചെയ്യാന്‍ പ്രേരിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്തവരാരും ഇനിയും മരിച്ചിട്ടില്ല. അല്ലൂട്ടിയേയും കുഞ്ഞൂട്ടിയേയും പോലുള്ള നിഷ്കളങ്കരായ കുട്ടികളെ കുഴപ്പത്തിലാക്കാനും കുഴപ്പക്കാരാക്കാനും നിന്നേയും എന്നേയും പോലുള്ള വാക്കുകളെ അക്കൂട്ടര്‍ ഇപ്പോഴും യഥേഷ്ടം ഉപയോഗപ്പെടുത്തുന്നുണ്ട്. അതുകൊണ്ട്, പരമകാരുണികനും കരുണാനിധിയുമായ പടച്ചോന്‍ അല്ലൂട്ടിക്കും അവന്‍റെ കൂട്ടുകാരായ മറ്റു കുട്ടികള്‍ക്കും കനിഞ്ഞരുളിയ കല്പന ഒരിക്കല്‍കൂടി ശ്രദ്ധാപൂര്‍വം നീ കേട്ടാലും:   

"നവനവോല്ലേഖശാലിനിയായ പ്രജ്ഞയില്‍ നോമ്പിന്‍റെയും
നോമ്പ് നോറ്റു മരിച്ചവരുടെയും ആത്മചൈതന്യം
വിളക്കിച്ചേര്‍ത്ത് പ്രതിഭയെ പ്രഭാമയമാക്കി,
നശ്വരമായ ലൗകികജീവിതത്തെയും അനശ്വരമായ
സ്വര്‍ലോകത്തെയും തമ്മില്‍ കൂട്ടിച്ചേര്‍ക്കുന്ന
കണ്ണി അറ്റുപോയിരിക്കുന്നു എന്ന തെറ്റിദ്ധാരണ മൂലം
ഭൂമിയില്‍ പിഴപ്പെട്ടുഴലുന്ന മനുഷ്യര്‍ക്കെല്ലാം
മാര്‍ഗദര്‍ശനം നല്കാന്‍ സ്രഷ്ടാവായ ദൈവം ഉദ്ദേശിക്കുന്നു."

മരണാനന്തരം ആത്മകഥ എഴുതാന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന എല്ലാ ആണിനും പെണ്ണിനും ലഭിച്ചിട്ടുള്ള ദൈവകല്പനയാണ് ഇത്. അങ്ങനെ അലാവുദ്ദീനായ ഇവന്‍ മാത്രമല്ല, നോമ്പ് നോറ്റ് മരിച്ചവരും മലയാളികളുമായ അനേകം സ്ത്രീപുരുഷന്മാര്‍ ആത്മകഥകള്‍ എഴുതിക്കൊണ്ടിരിക്കുന്നുമുണ്ട്. ആകയാല്‍, മലയാളിയായ ഞാന്‍ തന്നെയാണ് ഇവനെഴുതുന്ന ഓരോ വാക്യത്തിന്‍റെയും രൂപവും ഉള്ളടക്കവും തെളിച്ചുകാട്ടുവാന്‍ സര്‍വഥാ യോഗ്യന്‍. 

No comments:

Post a Comment